English| മലയാളം

ചരിത്രം

പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ നാലു ഡിവിഷനുകളായി വിഭജിച്ചിരുന്നതില്‍ കൊല്ലം ഡിവിഷനിലാണ് കരുനാഗപ്പളളി സ്ഥിതി ചെയ്യുന്നത്. ഡിവിഷന്‍ പേഷ്ക്കാരുടെ ഭരണത്തിലായിരുന്ന കരുനാഗപ്പളളി 1949-ല്‍ തിരു-കൊച്ചി രൂപം കൊണ്ടപ്പോള്‍ കൊല്ലം ജില്ലാ കളക്ടറുടെ ഭരണത്തിലായി. അന്ന് കൊല്ലം ജില്ലയില്‍ കൊല്ലം, കൊട്ടാരക്കര, പത്താനാപുരം, ചെങ്കോട്ട, കുന്നത്തൂര്‍, പത്തനംതിട്ട, കരുനാഗപ്പളളി, കാര്‍ത്തികപ്പളളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേര്‍ത്തല എന്നിങ്ങനെ 12 താലൂക്കുകള്‍ ഉണ്ടായിരുന്നു. ചോള രാജാക്കന്‍മാരുടെ ചില ശാസനങ്ങളില്‍ വേണാട്ടരചനെ കൂപകത്തരചന്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂപകം എന്ന സംസ്കൃത പദത്തിന് പാമരം, തോണികള്‍ കരയോട് ചേര്‍ത്തു കെട്ടുന്ന സ്തംഭം എന്നിങ്ങനെ അര്‍ത്ഥമുളളതുകൊണ്ട് വഞ്ചികളും കപ്പലുകളും അടുക്കുന്ന നാട് എന്ന വിവക്ഷയിലായിരിക്കാം വേണാടിന് കൂപകം എന്നുകൂടി പേരുണ്ടായത്. കരുനാഗപ്പളളിയുടെ തീരപ്രദേശം, കന്നേറ്റികടവ്, പണ്ട്യാലകടവ്, ചന്തക്കടവ് എന്നിവ ഇന്നും അതിന് തെളിവുകളാണ്. മാര്‍ത്താണ്ഡ വര്‍മ്മ തിരുവിതാംകൂറില്‍ അധികാരം ഏല്ക്കുമ്പോള്‍ ദേശിങ്ങനാട് ഭരിച്ചിരുന്നത് ഉണ്ണിക്കേരള വര്‍മ്മയായിരുന്നു. കായകുളം രാജാവിന്റെ മന്ത്രി അച്യുത വര്‍മ്മയുടെ നേതൃത്വത്തിലുള്ള ദേശിങ്ങനാട് സൈന്യത്തെ മാര്‍ത്താണ്ഡ വര്‍മ്മ നശിപ്പിച്ച് കൊല്ലം കീഴടക്കി. കായംകുളത്ത് നിന്നുളള ദത്ത് റദ്ദ് ചെയ്യാമെന്നും തിരുവിതാംകൂറിന് കപ്പം കൊടുത്തു കൊളളാമെന്നും ഉണ്ണിക്കേരള വര്‍മ്മ സമ്മതിച്ചു. തന്റെ മരണശേഷം ദേശിങ്ങനാട് തിരുവിതാംകൂറിനോട് ചേര്‍ത്തു കൊളളാനും അദ്ദേഹം അനുവാദം നല്‍കി. എന്നിട്ടും മാര്‍ത്താണ്ഡ വര്‍മ്മ അദ്ദേഹത്തെ തിരുവനന്തപുരത്ത് കൊണ്ടുപോയി വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ പാര്‍പ്പിച്ചതിന് ശേഷം അറുമുഖന്‍ പിളളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സൈന്യം കരുനാഗപ്പളളി പിടിച്ചടക്കി.   പടയ്ക്ക് ആവശ്യമായ നായകന്മാരേയും നായന്മാരേയും തെരഞ്ഞെടുത്ത കരുനാഗപ്പളളിയിലെ പടനായര്‍കുളങ്ങര ഇന്നും ചരിത്ര സാക്ഷ്യമായി നിലകൊളളുന്നു. ദളവാമാര്‍ താമസിച്ചു പടകളെ തിരഞ്ഞെടുത്ത ദളവാ മഠങ്ങളും പടകള്‍ക്ക് ആവശ്യമായ ആയുധാഭ്യാസം നല്‍കിയ തിരുവൂര്‍കളരി, കുറുങ്ങാട്ട്കളരി എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. രാജാവിന്റെ പടയിലേക്ക് നായന്മാരേയും നായകന്മാരേയും തെരഞ്ഞെടുത്തതിന്റെ പാരിതോഷികമായി വസ്തുക്കള്‍ കരമൊഴിവായി വിട്ടുകൊടുക്കുന്ന സമ്പ്രദായം കരുനാഗപ്പളളിയില്‍ നിലനിന്നിരുന്നു. രാജകൊട്ടാരത്തിലേക്ക് ഉത്സവത്തിനും സദ്യക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും വേണ്ടിയാണ് ഈ വിരുത്തി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. 1904-ല്‍ നിയമം മൂലം നായര്‍ വിരുത്തി സമ്പ്രദായം അവസാനിപ്പിച്ചെങ്കിലും കൈവശക്കാര്‍ക്ക് കൈവശാവകാശം ലഭിച്ചു. വാളും പരിചയും കൊണ്ടുളള പഴയ ആയോധനവിദ്യ കരുനാഗപ്പളളിയില്‍ നിന്നും ലഭിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇന്നും അത് ഉത്സവചടങ്ങായി ഓച്ചിറ പടനിലഘോഷത്തില്‍ കരുനാഗപ്പളളിയുടെ പങ്കാളിത്തം. പ്രാചീന ബുദ്ധപ്രതിമ കണ്ടുകിട്ടിയത് കരുനാഗപ്പളളി പഞ്ചായത്തിലെ മരുതൂര്‍കുളങ്ങര നിന്നാണ്. പളളിക്കല്‍ കാവില്‍ നിന്നും കണ്ടെടുത്ത ബുദ്ധപ്രതിമയായ പളളിക്കല്‍ പുത്രനെ അന്നത്തെ കരുനാഗപ്പളളി തഹസീല്‍ദാരായിരുന്ന തമ്പുരാന്‍ പടനായര്‍കുളങ്ങര ക്ഷേത്രപരിസരത്തു സ്ഥാപിച്ചു. പ്രസ്തുത ബുദ്ധപ്രതിമയില്‍ ദലൈലാമ പുഷ്പ മാല ചാര്‍ത്തിയിട്ടുണ്ട്. ഇന്നും ആ പ്രതിമ കൃഷ്ണപുരം പുരാവസ്തു പരിരക്ഷണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു.ഒരു കാലത്ത് ബുദ്ധജൈന മതങ്ങള്‍ കേരളത്തില്‍ പ്രചരിച്ചിരുന്നു. അവയില്‍ ബുദ്ധമതം സാര്‍വത്രിക പ്രചാരം നേടി. അതിന്റെ കേന്ദ്രങ്ങളായിരുന്നു കരുനാഗപ്പളളിയും മരുതൂര്‍കുളങ്ങരയും. കരുനാഗപ്പളളി, കാര്‍ത്തികപ്പളളി താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ന്നതായിരുന്ന കരുനാഗപ്പളളി ദേശവഴിയുടെ ആസ്ഥാനം മരുതൂര്‍കുളങ്ങരയായിരുന്നു. കരുനാഗപ്പളളി ദേശത്തിലുള്‍പ്പെട്ട മരുതൂര്‍കുളങ്ങര മഹാദേവര്‍ ക്ഷേത്രം ഒരു കാലത്ത് ദേശവാഴികളുടെ ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു. ബുദ്ധമത പ്രചാരത്തിന് തടയിടാന്‍ ഹൈന്ദവ പുനരുദ്ധാരണ പ്രവര്‍ത്തകര്‍ ഈ ക്ഷേത്രത്തെ ഉപയോഗിച്ചിരുന്നതായി ഐതിഹ്യം ഉണ്ട്. ആദ്യകാലത്ത് കേരളത്തില്‍ സ്ഥാപിച്ച 18 മുസ്ളീം പളളികളില്‍ രണ്ടെണ്ണം കൊല്ലത്തായിരുന്നു. കൊല്ലവും കരുനാഗപ്പളളിയും ദേശിങ്ങനാട്ടില്‍ ഉള്‍പ്പെട്ടിരുന്നതാകയാല്‍ ഇസ്ളാംമതം സ്വഭാവികമായി കരുനാഗപ്പളളിയില്‍ എത്തിയിരുന്നു. പേരുകേട്ട കരുനാഗപ്പളളി സിയാറത്തു പളളിയും ഐതിഹ്യങ്ങളുടെ കലവറയായ വായാറത്തു പളളിയും കരുനാഗപ്പളളിയുടെ മുതല്‍ക്കൂട്ടാണ്. ശ്രീ നാരായണ ഗുരുവിന്റെയും ശ്രീ ചട്ടമ്പിസ്വാമികളുടേയും ആര്‍ഷപ്രഭാവം ഇവിടെ ധന്യമാക്കിയിട്ടുണ്ട്. ഗുരുസ്വാമിയും ചട്ടമ്പിസ്വാമിയും യശഃശരീരനായ പന്നിശ്ശേരി നാണുപിളളയുടെ പഠനകളരി സന്ദര്‍ശിച്ചു അനുഗ്രഹിച്ചിട്ടുണ്ട്. അവര്‍ണ്ണര്‍ക്ക് കൂടി ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നുളള അവകാശ വാദം തിരുവിതാംകൂറില്‍ ആദ്യമായുയര്‍ന്നത് ഇവിടെ നിന്നാണ്.തിരുവിതാംകൂറിലെ സാമൂഹിക പരിവര്‍ത്തനത്തിലും രാഷ്ട്രീയ സംഭവ വികാസങ്ങളിലും നിര്‍ണ്ണായക പങ്കു വഹിച്ച നിവര്‍ത്തന പ്രക്ഷോഭത്തിന് മൂര്‍ച്ച കൂട്ടിയത് ഇവിടെ നിന്നാണ്. നിവര്‍ത്തനമെന്നാല്‍ പിന്‍മാറി നിക്കല്‍ എന്നാണര്‍ത്ഥം. സാരാംശത്തില്‍ അതൊരു നിസ്സഹകരണ പ്രസ്ഥാനം തന്നെയായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചരിത്ര രേഖകളില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ടതാണ് കരുനാഗപ്പളളിയുടെ അഭിമാനസ്തംഭമായ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ നാമധേയം. നമ്പൂരി സമുദായത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കുവാന്‍ വി.ടി.ഭട്ടതിരിപ്പാടും, ഇ.എം.എസ്സും ഇറങ്ങി തിരിക്കുന്നതിന് മുമ്പ് തന്നെ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റി കുമാരമംഗലത്ത് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനൊപ്പം ആ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരുന്നു. സാംസ്ക്കാരിക പ്രവര്‍ത്തനത്തില്‍ കരുനാഗപ്പളളിയുടെ തിലകക്കുറിയാണ് ലാലാജി സ്മാരക ഗ്രന്ഥശാല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകനും ധീരദേശാഭിമാനിയുമായ ലാലാലജ്പത് റായിയുടെ സ്മരണയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്നത് 26.10.1929 ലാണ്.