English| മലയാളം

വിവരണം

സമുദ്ര നിരപ്പില്‍ നിന്നും 20 മീറ്ററില്‍ താഴെ ഉയരത്തില്‍ ആണ് നഗരസഭയുടെ എല്ലാപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്ക് ഭാഗത്തുനിന്നും തെക്കുപടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഒരു തീരസമതല പ്രദേശമാണ് ഇവിടം. തോടുകള്‍ വടക്കുനിന്നും തെക്കോട്ടും അവിടെ നിന്നും പടിഞ്ഞാറോട്ടും ഒഴുകുന്ന രീതിയാണ് കാണുന്നത്. കാര്‍ഷിക മേഖലകളാക്കി തരം തിരിക്കുമ്പോള്‍ ഓണാട്ടുകര മേഖലയിലാണ് കരുനാഗപ്പളളി ഉള്‍പ്പെടുന്നത്. ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍ തോടുകളും കുളങ്ങളും ആണ്.
 

കൃഷികഴിഞ്ഞാല്‍ ബഹുഭൂരിപക്ഷം സാധാരണക്കാരും ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരുന്നത് രണ്ട് പരമ്പരാഗത ചെറുകിട വ്യവസായങ്ങള്‍ ആയിരുന്ന കയറും കൈത്തറിയും ആയിരുന്നു. ഇതിനുപുറമെ നാടന്‍ ചക്കില്‍ എണ്ണയാട്ട്, കക്കാനീറ്റ്, വളളംകെട്ട്, ബോട്ട് നിര്‍മ്മാണം എന്നീ ചെറുകിട വ്യവസായങ്ങളും ഈ പ്രദേശത്തുണ്ടായിരുന്നു. 35 വര്‍ഷത്തിലധികം പഴക്കമുളള ഗംഗ ടൈല്‍ ഫാക്ടറിയാണ് നഗരസഭയിലെ ഏറ്റവും പഴക്കം ചെന്ന ചെറുകിട യൂണിറ്റ്. ഇത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. നാളികേര സംസ്കരണത്തിനു വേണ്ടിയുള്ള കൊപ്രാ പുരകള്‍ നിലവിലുണ്ട്. പരമ്പരാഗത വ്യവസായങ്ങളുടെ മേഖലയായിരുന്ന പ്രദേശത്ത് ആധുനിക ചെറുകിട കുടില്‍ വ്യവസായ സംരംഭങ്ങളായ തീപ്പെട്ടി, മെഴുകുതിരി, ചന്ദനത്തിരി, അലുവ, അലുമിനിയം ഫാക്ടറി, ബ്രഡ്ഡ്, ബേക്കറി സാധനങ്ങള്‍, ആര്‍ട്ടിസ്റ്റ് ബ്രഷ്, ആയൂര്‍വേദ മരുന്ന്, ഹോളോബ്രിക്സ്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, എന്‍ജിനീയറിംഗ് വര്‍ക് ഷോപ്പുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയുടെയെല്ലാം നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടുതലും സ്വകാര്യ മേഖലയിലാണ്. തഴപ്പായ് നെയ്ത്ത് തൊഴിലാക്കിയവരും പ്രദേശത്ത് അങ്ങിങ്ങായി ഉണ്ട്. എല്ലാ വ്യവസായ യൂണിറ്റുകളിലും ഭൂരിഭാഗവും സ്ത്രീകളാണ് തൊഴിലെടുക്കുന്നത്. കയര്‍ വ്യവസായത്തിനാണ് പരമ്പരാഗത മേഖലയില്‍ പ്രമുഖ സ്ഥാനം.
 

ഉന്നതമായ സാംസ്കാരിക പാരമ്പര്യമുള്ള ഉറവിടങ്ങളില്‍ ഒന്നാണ് കൊച്ചു ഗ്രാമമായ കരുനാഗപ്പളളി. കഥകളിക്ക് പുതിയ മാനം നല്‍കിയ നാട്ടില്‍ നാടന്‍ കലകളായ പുലിവേഷം, കാക്കാരിശ്ശി നാടകം, വില്പാട്ട്, കോലടികളി, തിരുവാതിരക്കളി, പടയണി, ശാസ്താംപാട്ട് തുടങ്ങിയവയെല്ലാം സര്‍വ സാധാരണമായിരുന്നു. ശാസ്ത്രീയ സംഗീതജ്ഞരായിരുന്ന ചെല്ലപ്പന്‍ ഭാഗവതര്‍, കണ്ണമംഗലം ശിവരാമ ഭാഗവതര്‍, ശിവറാം ഭാഗവതര്‍, ഫ്ളുട്ട് വിദഗ്ദ്ധന്‍ സേതു മാസ്റ്റര്‍, നാദസ്വര വിദ്വാന്‍ പുല്ലന്തറ പി.കെ.ഷണ്‍മുഖന്‍ ഭാഗവതര്‍ തുടങ്ങിയവരെല്ലാം അവരവരുടേതായ സംഭാവനകള്‍ സമൂഹത്തിന് നല്കി. ചിത്രരചനാ രംഗത്ത് പ്രതിഭകളായിരുന്ന അച്യുതന്‍ പിളളയും ഉപേന്ദ്രനാഥും അവരുടേതായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. നാടക സമിതികള്‍, നൃത്ത സംഘങ്ങള്‍ തുടങ്ങി സമസ്ത മേഖലയിലും നാടിന്റേതായ സംഭാവനകള്‍ സാംസ്കാരിക കേരളത്തിന് നല്‍കാന്‍ പൂര്‍വികര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ജാതിമതഭേദമെന്യേ സമസ്ത ജനവിഭാഗങ്ങളും ഒത്തൊരുമിച്ച് എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുളള ഉത്സവാഘോഷങ്ങള്‍ ആചരിക്കുന്നു.