പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ നാലു ഡിവിഷനുകളായി വിഭജിച്ചിരുന്നതില്‍ കൊല്ലം ഡിവിഷനിലാണ് കരുനാഗപ്പളളി സ്ഥിതി ചെയ്യുന്നത്. കരുനാഗപ്പളളി രൂപം കൊളളുന്നത് 1953 ലാണ്. അതിനുമുമ്പ് നിലനിന്നിരുന്നത് വില്ലേജ് യൂണിയനായിരുന്നു. വില്ലേജ് യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ ആലപ്പാട്ട് പഞ്ചായത്തിലെ വെളളനാതുരുത്ത് മുതല്‍ ആലക്കോട് വരെയുളള പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടിരുന്നു. വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് യശഃശരീരനായ കുറ്റിക്കാട്ടില്‍ ചന്ദ്രശേഖര പിളളയാണ്. 24.10.1953-ല്‍ നിലവില്‍ വന്ന കരുനാഗപ്പളളിയുടെ ആദ്യ പ്രസിഡന്റ് യശഃശരീരനായ വി.എസ്.ഗോപാലനായിരുന്നു. എട്ടു വാര്‍ഡുകളും സംവരണം ഉള്‍പ്പെടെ ഒന്‍പത് സീറ്റുകളുമാണ് അന്നുണ്ടായിരുന്നത്. പുതിയ കെട്ടിടം സ്ഥാപിക്കുന്നതുവരെ വില്ലേജ് യൂണിയന് പ്രവര്‍ത്തിച്ചിരുന്നത് ഇന്നത്തെ പെട്രോള്‍ പമ്പിന് വടക്കുവശമുളള കേശവപ്പണിക്കരുടെ കെട്ടിടത്തിലായിരുന്നു.തദ്ദേശസ്ഥാപനങ്ങളിലേക്ക് 2010 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി കരുനാഗപ്പള്ളി പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തപ്പെട്ടു.35 വാര്‍ഡുകളുള്ള നഗരസഭയുടെ ആദ്യചെയര്‍മാനായി എം.അന്‍സാര്‍ തെരഞ്ഞെടുക്കപ്പെട്ടു.സമുദ്രനിരപ്പില്‍ നിന്നും 20 മീറ്ററില്‍ താഴെ ഉയരത്തില്‍ ആണ് എല്ലാപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്ക് ഭാഗത്തു നിന്നും തെക്കുപടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഒരു തീരസമതല പ്രദേശമാണ് ഇവിടം. തോടുകള്‍ വടക്കു നിന്നും തെക്കോട്ടും അവിടെ നിന്നും പടിഞ്ഞാറോട്ടും ഒഴുകുന്ന രീതിയാണ് കാണുന്നത്. കാര്‍ഷിക മേഖലകളാക്കി തരം തിരിക്കുമ്പോള്‍ ഓണാട്ടുകര മേഖലയിലാണ് കരുനാഗപ്പളളി ഉള്‍പ്പെടുന്നത്. കൃഷി കഴിഞ്ഞാല്‍ ബഹുഭൂരിപക്ഷം സാധാരണക്കാരും ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരുന്നത് രണ്ട് പരമ്പരാഗത ചെറുകിട വ്യവസായങ്ങള്‍ ആയിരുന്ന കയറും കൈത്തറിയും ആയിരുന്നു. ഉന്നതമായ സാംസ്കാരിക പാരമ്പര്യമുള്ള ഉറവിടങ്ങളില്‍ ഒന്നാണ് കരുനാഗപ്പളളി. ദേശിങ്ങനാട് രാജാക്കന്മാരായിരുന്ന ജയസിംഹനോടും കായംകുളം രാജാവിനോടും മാര്‍ത്താണ്ഡ വര്‍മ്മയോടും, രാമയ്യന് ദളവ, വേലുത്തമ്പി ദളവ എന്നീ ദേശാഭിമാനികളായ ഭരണാധികാരികളോടും സ്വാതന്ത്ര്യസമര നായകരോടും കരുനാഗപ്പള്ളിയുടെ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നു.